
‘ ‘ ഞാന്‍ വല്ലാത്തൊരവസ്ഥയിലാണ്, അമ്മേ, ഞാന്‍ ഡിപ്രഷനിലേക്ക് കടക്കുകയാണ്’ ‘ പഴയ ജനറേഷനിലെ ഒരു രക്ഷിതാവിനെ സംബന്ധിച്ചിടത്തോളം ആശ്ചര്യപ്പെടുത്തുന്ന ഒരു വര്‍ത്തമാനമായിരിക്കും മകളില്‍നിന്ന് അല്ലെങ്കില്‍ മകനില്‍നിന്ന് കേട്ടത്. ഡിപ്രഷനെന്നോ വിഷാദമെന്നോ കേട്ടുകേള്‍വിപോലുമില്ലാത്ത ഒന്നും രണ്ടും തലമുറകൂടി ഉള്‍ക്കൊള്ളുന്നതാണല്ലോ ഈ സമൂഹം. പക്ഷേ, കേട്ടറിവില്ലെങ്കിലും അനുഭവത്തിലൂടെ അതെല്ലാം കടന്നുപോയവരാണ് ആ തലമുറ. തങ്കള്‍ അനുഭവിച്ച മാനസിക-ശാരീരികാവസ്ഥക്ക് ഡിപ്രഷനെന്നോ വിഷാദമെന്നോ പേരിട്ട് നിര്‍വചിക്കപ്പെട്ടിട്ടില്ല എന്നുമാത്രം.
പുതു തലമുറക്ക് ഡിപ്രഷന്‍ അഥവാ വിഷാദം എന്ന അവസ്ഥയെ കുറിച്ചും ഒരു പരിധിവരെ അതിന്റെ പ്രതിവിധിയെ കുറിച്ചും അല്‍പമൊക്കെ ബോധ്യമുള്ളവരാണ്. ആധുനിക ലോകത്തെ ജനങ്ങളെ മാനസികമായും ശാരീരികമായും വളരെ ബുദ്ധിമുട്ടിലാക്കുന്ന ഒരു രോഗമാണ് വിഷാദരോഗം അഥവാ ഡിപ്രഷന്‍. ഇന്ത്യയിലെ പ്രശസ്തരായ പല വ്യക്തികളും വിഷാദ രോഗത്തിന് അടിമകളായിരുന്നു എന്നതും കാലക്രമേണ അവരതില്‍ നിന്ന് മുക്തി നേടിയവരുമാണ്. ആണ്‍-പെണ്‍ ഭേദമില്ലാതെ എല്ലാവരിലും വിഷാദരോഗം ബാധിക്കുന്നുണ്ട്. ജീവിതത്തില്‍ തിരക്കുകള്‍ കൂടിവരുന്ന ഈ കാലഘട്ടത്തില്‍ വിഷാദ രോഗികളുടെ എണ്ണവും നാള്‍ക്കുനാള്‍ കൂടിവരികയാണ്. തനിക്ക് വിഷാദരോഗം പിടിപെട്ടിരിക്കുന്നു എന്ന് മനസ്സിലാക്കാന്‍ പ്രയാസപ്പെടുന്നത് കൊണ്ട് മറ്റ് പല രോഗാവസ്ഥകളുമായി ആശുപത്രിയിലെത്തുന്നവരില്‍ 10 % ആളുകളുടെയും യഥാര്‍ഥ പ്രശ്‌നം വിഷാദരോഗമാണെന്ന് പിന്നീട് തിരിച്ചറിയപ്പെടുന്നു. തീരെ ചെറിയ കുട്ടികള്‍ മുതല്‍ വൃദ്ധ ജനങ്ങളെ വരെ പിടിപെടുകയും കൃത്യസമയത്ത് രോഗം തിരിച്ചറിഞ്ഞ് ചികിത്സിച്ചില്ലെങ്കില്‍ മരണം വരെ സംഭവിക്കാവുന്ന രോഗാവസ്ഥയുമാണ് വിഷാദരോഗം. 2030 ആകുമ്പോഴേക്കും ലോകത്തിലെ ഏറ്റവും വ്യാപകമായ അസുഖമായി വിഷാദരോഗം മാറുമെന്നാണ് ആരോഗ്യ വിദഗ്ധരുടെ കണക്കുകൂട്ടല്‍.
എന്താണ് വിഷാദരോഗം?
മസ്തിഷ്‌കത്തിനും നാഡീവ്യൂഹത്തിനുമുണ്ടാകുന്ന പ്രവര്‍ത്തനവ്യതിയാനമാണ് വിഷാദരോഗത്തിന് കാരണം. രോഗിയുടെ ചിന്തകളെ ബാധിച്ച് അതിലൂടെ അവരുടെ പ്രവര്‍ത്തികളെ നിയന്ത്രിക്കുന്ന ഗുരുതരമായ രോഗമാണിത്. മനുഷ്യന്റെ ഭക്ഷണരീതി, ഉറക്കം, വ്യക്തിത്വം എന്നിവയെ കടുത്ത തോതില്‍ ബാധിക്കുമ്പോഴാണ് വിഷാദം രോഗമായി മാറുന്ന സാഹചര്യമുണ്ടാവുന്നത്. വിദ്യാഭ്യാസ തൊഴില്‍ മേഖലകളിലെ സമ്മര്‍ദങ്ങള്‍, ഇഷ്ടപ്പെട്ടവരുടെ സ്‌നേഹം നഷ്ട്ടമാകുമ്പോള്‍, സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടി വരുമ്പോള്‍, കൗമാരക്കാര്‍ക്ക് എല്ലാവരുടെയും പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ സാധിക്കാതെ വരുമ്പോള്‍ ഇങ്ങനെ പല കാരണങ്ങള്‍ വിഷാദ രോഗത്തിലേക്ക് നയിക്കാം. ആദ്യം തന്നെ തന്നിലുണ്ടാകുന്ന വ്യത്യാസങ്ങള്‍ തിരിച്ചറിഞ്ഞ് ചികിത്സിക്കുകയാണെങ്കില്‍ പൂര്‍ണമായും രോഗം ഭേദമാക്കാനാകും. രോഗനിര്‍ണയത്തിന് ശേഷം സൈക്കോ തെറാപ്പിയിലൂടെയും ഔഷധചികിത്സയിലൂടെയും പൂര്‍ണമായും മാറ്റാനാകും.
രോഗലക്ഷണങ്ങള്‍
പെട്ടെന്നുള്ള ദേഷ്യം അല്ലെങ്കില്‍ കാരണമില്ലാതെ ദേഷ്യപ്പെടുക, ആക്രമണ മനോഭാവം. മിക്കവാറും സമയങ്ങളില്‍ ഉത്സാഹക്കുറവും സങ്കടവും അനുഭവപ്പെടുക. ദൈനംദിന കാര്യങ്ങളില്‍ താല്‍പര്യക്കുറവും അവ ചെയ്ത് തീര്‍ക്കാന്‍ ബുദ്ധിമുട്ടുണ്ടാവുകയും ചെയ്യുക. ആത്മാഭിമാനവും ആത്മവിശ്വാസവും നഷ്ടപ്പെടുക. കുറ്റബോധം അനുഭവപ്പെടുകയും പഴയകാല പരാജയങ്ങളുടെ പേരില്‍ സ്വയം കുറ്റപ്പെടുത്തുകയും ചെയ്യുക. സ്വയം വേദനിപ്പിക്കുന്നതിനെക്കുറിച്ചോ ആത്മഹത്യയെകുറിച്ചോ അല്ലെങ്കില്‍ മരണത്തെകുറിച്ചോ ചിന്തിച്ചുകൊണ്ടിരിക്കുക. ഭാവിയെക്കുറിച്ച് പ്രത്യാശയില്ലാതിരിക്കുക. ചെയ്യുന്ന കാര്യങ്ങളില്‍ ഉന്മേഷക്കുറവും അതൃപ്തിയും അനുഭവപ്പെടുക. ഇടയ്ക്കിടെ അകാരണമായി കരയുകയും അതുപോലെ കരയുന്ന മുഖത്തോടെയും കാണപ്പെടുക എന്നിവയെല്ലാം ഡിപ്രഷന്റെ ലക്ഷണങ്ങളാണ്.
വിഷാദം എങ്ങനെ കുറയ്ക്കാം
സ്‌ട്രെസ്സ് കുറയ്ക്കുക, വ്യായാമം ചെയ്യുക, ഡയറ്റ് ശ്രദ്ധിക്കുക, ഏഴ് മണിക്കൂറെങ്കിലും ഉറങ്ങുക, ലഹരി ഉപയോഗിക്കാതിരിക്കുക എന്നിവ ഡിപ്രന്‍ ഇല്ലാതാക്കാനുള്ള വഴികളാണ്. വിഷാദാവസ്ഥ അനുഭവപ്പെട്ടാല്‍ ആവശ്യമെങ്കില്‍ കൗണ്‍സിലിംഗ് എടുക്കുക എന്നതും പ്രധാനമാണ്.
സങ്കീര്‍ണ്ണത
വിഷാദരോഗം വളരെ ഗൗവരവമേറിയതും ഉടനടി ചികിത്സ വേണ്ടതുമായ രോഗാവസ്ഥയാണ്. ഈ ഒരു രോഗം കുടുബത്തില്‍ ആര്‍ക്കെങ്കിലും ഉണ്ടായാല്‍ കുടുംബത്തിന്റെ സമാധാനവും സന്തോഷവും ഇല്ലാതാവുന്നു. വിഷാദരോഗം കൂടുകയും അത് ചികിത്സിച്ച് മാറ്റാന്‍ കഴിയാത്ത അവസ്ഥയുണ്ടാവുകയും ചെയ്താല്‍ ആ വ്യക്തിയുടെ ശാരീരിക, മാനസിക, സ്വഭാവ രീതികളെ ജീവിതാകാലം മുഴുവന്‍ മോശമായി ബാധിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ മാറും. എത്ര നേരത്തെ ചികിത്സ കിട്ടുന്നുവോ എന്നതിനെ ആശ്രയിച്ചിരിക്കും രോഗം പൂര്‍ണ്ണമായി സുഖപ്പെടാനും ആവര്‍ത്തിക്കാതിരിക്കാനുള്ള സാധ്യത. ചിലര്‍ അസുഖം പൂര്‍ണ്ണമായി ഭേദമാക്കുമ്പോള്‍ മറ്റു ചിലര്‍ ഇതില്‍ ആഴ്ന്നു പോകുന്നു. വിഷാദത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള മാര്‍ഗം അതനുഭവിക്കുന്നവര്‍ അറിഞ്ഞോ അറിയാതെയോ തിരഞ്ഞുകൊണ്ടിരിക്കും. ജീവിതം തന്നെ മാനസിക ബുദ്ധിമുട്ടുകള്‍ കൊണ്ട് തളര്‍ന്നുപോകുന്ന വിഷാദ രോഗത്തെ ആദ്യം തന്നെ കണ്ടെത്തി ചികില്‍സിക്കേണ്ടത് അത്യാവശ്യമാണ്.
പ്രതിരോധം
വിഷാദരോഗം ഇല്ലാതാക്കാന്‍ കൃത്യമായ ഒരു മാര്‍ഗമില്ല. എന്നിരുന്നാലും ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ സഹായകമാകും.
നിങ്ങള്‍ ഇഷ്ട്ടപ്പെടുന്ന കാര്യങ്ങള്‍ ചെയ്ത് പരമാവധി സ്‌ട്രെസ്സ് കുറയ്ക്കാന്‍ ശ്രമിക്കുക. പൂര്‍വസ്ഥിതി പ്രാപിക്കാന്‍ ശ്രമിച്ചുകൊണ്ടേയിരിക്കുക. ആത്മവിശ്വാസവും,ആത്മാഭിമാനവും കൈമുതലാക്കുക. എന്തെങ്കിലും മാനസിക സമ്മര്‍ദങ്ങളോ ബുദ്ധിമുട്ടുകളോ ഉള്ള സമയങ്ങളില്‍ കുടുംബത്തോടൊപ്പവും നല്ല സുഹൃത്തുക്കളോടൊപ്പവും ചിലവഴിക്കാന്‍ സമയം കണ്ടെത്തുകയും തുറന്ന് സംസാരിക്കുകയും ചെയ്യുക.
ആദ്യമേ ചികിത്സ തുടങ്ങിയാല്‍ പെട്ടന്ന് ചികില്‍സിച്ച് മാറ്റാവുന്ന രോഗമാണ് വിഷാദരോഗം. അതുകൊണ്ട് ചെറിയ മാനസിക ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുമ്പോള്‍ തന്നെ ശരിയായ ചികിത്സ നേടുക. പിന്നെയും വിഷാദ രോഗത്തിനടിമപ്പെടാതിരിക്കാന്‍ ദീര്‍ഘ നാളത്തെ ചികിത്സ പരിഗണിക്കുന്നതാണ് നല്ലത്.