ട്രംപിനാവില്ല ഗസ്സയുടെ ആത്മവീര്യം തകര്‍ക്കാന്‍

Author: സി.എ അബ്ദുല്‍ അഹദ്

ഇസ്രായേല്‍ ആക്രമണത്തില്‍ മണ്‍കൂനയായി മാറിയ തങ്ങളുടെ ഗ്രാമങ്ങളില്‍ ജീവിതം തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണ് ഗസ്സ നിവാസികള്‍. മുന്‍പ് നടന്ന ഒരു ഇസ്രായേലി ആക്രമണത്തില്‍ ഒരു കാല്‍ നഷ്ടപ്പെട്ട യുവാവ് തകര്‍ന്നു കിടക്കുന്ന ബൈത്തു ഹാനൂനിലെ തന്റെ വീടിനരികില്‍ ചെറിയ ഒരു ടെന്റ് നിര്‍മിക്കാന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ കാണാനായി. 15 മാസത്തെ ഇസ്രായേല്‍ ആക്രമണത്തിന് അറുതിയായതോടെ നെറ്റുസരിം കോറിഡോര്‍ കടന്ന് വടക്കന്‍ ഗസ്സയിലേക്ക് ഒഴുകിയ പതിനായിരങ്ങളില്‍ ഈ യുവായും കുടുംബവും ഉള്‍പ്പെട്ടിരുന്നു. തങ്ങളുടെ കൈയില്‍ കരുതാന്‍ കഴിയുന്ന സാധന സാമഗ്രികളും വഹിച്ചു കാല്‍നടയായി ബൈതുഹനൂനും ജബാലിയായും മറ്റും ലക്ഷ്യമാക്കി ഒരു പ്രവാഹം പോലെ അവര്‍ ജന്മഗ്രാമങ്ങള്‍ ലക്ഷ്യം വെച്ച് നീങ്ങുകയായിരുന്നു. അകലെ നിന്നുളള കാഴ്ചയില്‍ ഒരു ഉറുമ്പിന്‍ പറ്റം പൊലെ തോന്നിച്ച ഈ മനുഷ്യര്‍ ആധുനിക ലോകം നടത്തിയ ഏറ്റവും അനീതി നിറഞ്ഞ കൈയേറ്റത്തിന്റെയും വംശഹത്യയുടേയും ഇരകളാണ്. ഇസ്രായേല്‍ ആക്രമണത്തെ ഭയന്ന് കഴിഞ്ഞ, പതിനഞ്ചു മാസമായി തുടരുന്ന തെരുവു ജീവിതത്തിന്റെ ക്ലേശങ്ങളിലായിരുന്നു ഇവര്‍. വൃദ്ധരും സ്ത്രീകളും കുട്ടികളും അടങ്ങുന്ന ഈ ജനസഞ്ചയം ചെന്നെത്തിയത് ഇസ്രായേല്‍ തകര്‍ത്തു തരിപ്പണമാക്കിയ അവരുടെ ഗ്രാമങ്ങളിലേക്കാണ്. അവിടെ അവര്‍ക്കു കാണാനായത് ഹൃദയം തകര്‍ക്കുന്ന കാഴ്ചകളാണ്. വീടും ഗ്രാമങ്ങളും എവിടെയെന്നു തിരിച്ചറിയാനാവാത്തവിധം മുഴുവനായും തകര്‍ക്കപ്പെട്ടിരിക്കുന്നു. കാണാതായ ഉറ്റവരുടെ മൃതശരീരങ്ങള്‍ തകര്‍ന്നുകിടക്കുന്ന മണ്‍കൂനകള്‍ക്കിടെയിലെവിടെയോ മറഞ്ഞു കിടക്കുന്നു. അവിടെ ബാക്കിയായിരുന്ന മക്കളും മാതാപിതാക്കളും അടങ്ങുന്ന കുടുംബാംഗങ്ങള്‍ അഭയാര്‍ഥി ക്യാമ്പുകളില്‍ ദുരിതജീവിതം അനുഭവിക്കുന്നു. പുറംതള്ളലിന്റെയും പലായനത്തിന്റെയും ദുരിത പര്‍വത്തിലൂടെ ഈ ജനത കഴിഞ്ഞ 75 വര്‍ഷങ്ങളായി കടന്നുപോകുകയാണ്. 1948 ലെ ‘നക്ബ’യില്‍ 750000 ത്തോളം ഫലസ്തീനികളാണ് ജന്മഗ്രാമങ്ങളില്‍ നിന്ന് പുറത്താക്കപ്പെട്ടു അയല്‍ നാടുകളിലെ അഭയാര്‍ഥി ക്യാമ്പുകളില്‍ തള്ളപ്പെട്ടത്. ഒടുവിലത്തേ ഇസ്രായേല്‍ ആക്രമണത്തില്‍ ജബലിയയിലെ അഭയാര്‍ഥി ക്യാമ്പുകളും സമ്പൂര്‍ണമായി നശിപ്പിക്കപ്പെട്ടു. ‘നക്ബ’ യുടെ ഓര്‍മകള്‍ അലട്ടിയിരുന്നതുകൊണ്ടു എത്ര പ്രയാസകരമായിരുന്നെകിലും തങ്ങളുടെ ജന്മഗ്രാമങ്ങളിലേക്കുള്ള തിരിച്ചുപോക്ക് ഇവര്‍ക്ക് ഒരു ആഘോഷ സന്ദര്‍ഭമായിരുന്നു. ഉടല്‍ അറുത്തിട്ടാലും വേരില്‍ തളിര്‍ക്കാനും പൂക്കാനും ആവും ഇച്ഛാശക്തിയുള്ള ജനതയാണിവര്‍. അതുകൊണ്ടുതന്നെ ഗസ്സയുടെ ആത്മവീര്യം ചോര്‍ത്തിക്കളയാന്‍ ആര്‍ക്കുമാവില്ല.

ഇസ്രയേലിന്റെയും അമേരിക്കയുടേയുമൊക്കെ പുകള്‍പെറ്റ ഇന്റെലിജന്‍സ് സംവിധാനവും കടുകുമണിപോലും കണ്ടെത്തുന്ന സര്‍വൈലന്‍സും ഇതിന്റെ വിശാദംശങ്ങളറിയാതെ ഇരുട്ടില്‍ തപ്പുകയാണ്. സ്വാതന്ത്ര്യ ദാഹവും അഭിമാന ബോധവും ആത്മാവില്‍ ജ്വലിപ്പിച്ചു നിര്‍ത്തിയ ഒരു സമൂഹത്തിന്റെ അത്ഭുതകരമായ ഒരു ആവിഷ്‌കാരമാണ് ഗസ്സയുടെ രക്തധമനികളായ ഈ ടണലുകള്‍.

വടക്കന്‍ ഗസ്സയെ ഒരു മരുപ്പറമ്പാക്കുമെന്നു പ്രഖ്യാപിച്ചുകൊണ്ട് ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ ഒറ്റ വീടുകളും താമസ യോഗ്യമല്ലാത്ത വിധം മുഴുവന്‍ പ്രദേശങ്ങളും നശിപ്പിക്കപ്പെട്ടു. ജലവിതരണം, വൈദ്യുതി ഡ്രൈനേജ് സംവിധാനം, ആശുപത്രികള്‍, കൃഷിയിടങ്ങള്‍ തുടങ്ങിയവ മിക്കവാറും ഉപയോഗശൂന്യമായി. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ പെട്ട് മരണപ്പെട്ട മനുഷ്യരുടെ എണ്ണം ഇനിയും അറിയാനിരിക്കുന്നേയുള്ളു. വെടിനിര്‍ത്തിലിനുശേഷം ഏകദേശം 200 ഓളം ഇത്തരം മൃതദേഹങ്ങള്‍ കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. ലോകത്തെ ഏറ്റവും ജനസാന്ദ്രതയേറിയ ഈ പ്രദേശം ഒരു പ്രേത നഗരം പോലെ രൂപം മാറിയിരിക്കുന്നു. ഒരു ജനസമൂഹത്തെ അവരുടെ നാട്ടില്‍നിന്നും അവരുടെ ജീവിതത്തില്‍ നിന്നും പുറംതള്ളുക എന്ന യുദ്ധക്കുറ്റമാണ് ഗസ്സയിലെ ജനങ്ങളോട് ഇസ്രായേല്‍ ചെയ്തത്. പരിഷ്‌കൃത ലോകം ഈ വംശഹത്യക്ക് കാവലിരിക്കുന്നു എന്നതാണ് അതിലേറെ ദയനീയം.

ഗസ്സ എന്ന കരളുറപ്പ്

മനുഷ്യ ഭാവനകള്‍ക്ക് വഴങ്ങാത്ത ഒരു അതീത ദേശമാണ് ഗസ്സ. മനുഷ്യ സാധ്യമായ സഹനത്തിന്റെയും അതിജീവനത്തിന്റെയും ആത്മ ധൈര്യത്തിന്റേയും ഏതു അളവുകോലിനും അപ്പുറം നില്‍ക്കുന്ന ഒരു ജനത. വംശീയതയും പൈശാചികതയും കൈ മുതലായ സയണിസ്റ്റ് ഭീകര രാഷ്ട്രത്തിന്റെ നിരന്തരമായ ആക്രമണത്തിന് ഇരയാകുന്ന ഈ കൊച്ചു പ്രദേശത്തിന്റെ പോരാട്ട വീര്യം ലോകം പണ്ടേ മനസ്സിലാക്കിയതാണ്. ശത്രു രാജ്യത്തിന്റെ സമ്പൂര്‍ണമായ നിയന്ത്രണമുള്ള ഈ പ്രദേശത്തു നിത്യ ജീവിത്തിനുള്ള അവശ്യ വസ്തുക്കള്‍ ലഭിക്കുന്നത് വരെ വലിയ ആര്‍ഭാടമായിരിക്കെ ഒരു പോരാട്ട പ്രസ്ഥാനത്തിന് നിലയുറപ്പിക്കാനും മുന്നോട്ടു പോകാനും കഴിയുക എന്നതു സങ്കല്‍പ്പിക്കാന്‍ പോലും സാധ്യമല്ലാത്ത കാര്യമാണ്. ഒരു പിച്ചാത്തി പട്ടാളത്തിനു പോലും സാധ്യതയില്ലാത്ത ഈ സാഹചര്യത്തിലാണ് ഹമാസ് എന്ന പോരാട്ട സംഘത്തിന്റെ നേതൃത്വത്തില്‍ ലോകത്തിനു പരിചയമില്ലാത്ത പ്രതിരോധ സംവിധാനമൊരുക്കി ഈ ചെറു പ്രദേശം ലോകത്തെ വിസമയത്തിനപ്പുറം കൊണ്ടെത്തിക്കുന്നത്. ആര്‍ക്കും കൃത്യമായ വിവരങ്ങളൊന്നുമില്ലങ്കിലും 500 കിലോമീറ്ററോളം വലിപ്പമുള്ളത് എന്ന് പറയപ്പെടുന്ന ഗസ്സയിലെ ടണല്‍ ശൃംഖലയെ കുറിച്ച് ചിന്തിച്ചു നോക്കുന്നത് തന്നെ അതീവ കൗതുകകരവും അമ്പരപ്പിക്കുന്നതുമായ കാര്യമാണ്. ഇസ്രയേലിന്റെയും അമേരിക്കയുടേയുമൊക്കെ പുകള്‍പെറ്റ ഇന്റെലിജന്‍സ് സംവിധാനവും കടുകുമണിപോലും കണ്ടെത്തുന്ന സര്‍വൈലന്‍സും ഇതിന്റെ വിശാദംശങ്ങളറിയാതെ ഇരുട്ടില്‍ തപ്പുകയാണ്. സ്വാതന്ത്ര്യ ദാഹവും അഭിമാന ബോധവും ആത്മാവില്‍ ജ്വലിപ്പിച്ചു നിര്‍ത്തിയ ഒരു സമൂഹത്തിന്റെ അത്ഭുതകരമായ ഒരു ആവിഷ്‌കാരമാണ് ഗസ്സയുടെ രക്തധമനികളായ ഈ ടണലുകള്‍.

ധീരമൃത്യു വരിച്ച മക്കളെയോര്‍ത്തുള്ള ഹൃദയ വേദനക്കിടയിലും ഒരു മാതാവും ഈ നഷ്ടത്തെയോര്‍ത്തു വിലപിച്ചില്ല. മറിച്ചു സ്വാതന്ത്ര പോരാട്ടത്തിനായി തങ്ങളുടെ മക്കളെ സമര്‍പ്പിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനം കൊണ്ടു. മരണഭയമില്ലാത്ത ഈ ജീവിതോന്മുഖതയാണ് യഥാര്‍ഥത്തില്‍ ശത്രുവിനെ അമ്പേ നിരാശപ്പെടുത്തുന്നത്.

ഇതിനുമപ്പുറം ഈ സമൂഹം ലോകത്തെ അമ്പരപ്പിക്കുന്നത് അവരുടെ ആത്മധൈര്യവും അതില്‍ നിന്ന് ലഭിക്കുന്ന അതിജീവന ശേഷിയും കൊണ്ടാണ്. 2023 ഒക്ടോബര്‍ 7 നു നടന്ന സംഭവ വികാസങ്ങളെ തുടര്‍ന്ന് 15 മാസത്തോളം നീണ്ടു നിന്ന ചരിത്രത്തില്‍ സമാനതകളില്ലാത്തവിധം ഭീകരമായ ആക്രമണമാണ് ഈ ജനതക്ക് നേരെ ഇസ്രായേല്‍ നടത്തിയത്. എല്ലാ കാലത്തും ഇസ്രായേല്‍ ഉപരോധം നേരിടുന്ന ലോകത്തിലെ തുറന്ന ജയില്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ പ്രദേശത്തു വെള്ളവും വെളിച്ചവും ഭക്ഷണ വസ്തുക്കളും മരുന്നും നിഷേധിച്ചു കൊണ്ട് ആശുപതികളും അഭയാര്‍ഥിക്യാമ്പുകളും പോലും ഒഴിവാക്കാതെ നിഷ്ടൂരമായ ആക്രമണം അഴിച്ചുവിട്ടു. 47000 ത്തോളം മനുഷ്യര്‍ ഇതിനിടയില്‍ മരണപ്പെട്ടു. ഒരു ലക്ഷത്തോളം ആളുകള്‍ക്ക് ഗുരുതര പരിക്കുകള്‍ പറ്റി. 17000ത്തിലധികം അരുമകളായ കുഞ്ഞുങ്ങളുടെ പാല്‍പുഞ്ചിരി ഈ ആക്രമണത്തില്‍ ഗസ്സയില്‍ അസ്തമിച്ചു. നിലനില്‍പ്പിന്റെ ആധാരമായ വീടുകള്‍ മണ്‍കൂനകളായി. എണ്‍പതു ശതമാനത്തോളം കെട്ടിടങ്ങളും നിലംപതിച്ചു. തങ്ങളുടെ ആത്മാവിന്റെ ഭാഗമായ മസ്ജിദുകള്‍ തകര്‍ക്കപ്പെട്ടു. കൃഷിയും ജീവനോപാധികളും തടയപ്പെട്ടു. വംശചരിത്രത്തിലേക്കു വേരാഴ്ത്തിയ ഒലിവ് മരങ്ങള്‍ക്കു വേരറ്റു. എന്നിട്ടും ശിരസ്സില്‍ പതിക്കുന്ന ഈ തീമഴ തങ്ങളുടെ സ്വാതന്ത്ര്യ ദാഹത്തിനു എന്തെങ്കിലും കുറവ് വരുത്താനോ പോരാട്ടത്തില്‍ നിന്ന് ഒരിഞ്ചു പോലും പുറകോട്ടു പോകാനോ ഇടയാക്കാന്‍ ഈ ജനത അനുവദിച്ചില്ല. അതുകൊണ്ട് തന്നെ ഗസ്സക്കാരെ അവിടെനിന്നു പുറംതള്ളാനുള്ള ട്രംപ് പ്രൊജക്റ്റ് വേരാഴമുള്ള ഈ ജനത പരാജയപ്പെടുത്തുമെന്നുറപ്പാണ്

ഇസ്രായേലിന്റെ ആക്രമണം, ലോകത്തിന്റെ നിസ്സംഗത

ലോകം കണ്ട ഏറ്റവും പൈശാചികമായ വംശഹത്യയാണ് കഴിഞ്ഞ 15 മാസത്തോളമായി ഗസ്സയില്‍ അരങ്ങേറിയത്. ഏറ്റവും മാരകമായ എല്ലാ കൂട്ട നശീകരണ ആയുധങ്ങളും ഈ ആക്രമണങ്ങളില്‍ ഉപയോഗിക്കപ്പെട്ടു. ഇന്‍ക്യൂബേറ്ററുകളും അംബുലന്‍സുകളും ആശുപത്രികളും ആക്രമിക്കപ്പെട്ടു. ഇതെല്ലാം ദൃശ്യങ്ങളായി മുന്നിലെത്തിയിട്ടും ലോകത്തിലെ വിരലെണ്ണാവുന്നവയൊഴിച്ചുള്ള ഭരണകൂടങ്ങള്‍ നിസ്സംഗരായി. ജനങ്ങള്‍ തെരുവുകളില്‍ പ്രതിഷേധം പടര്‍ത്തിയെങ്കിലും അതൊന്നും പൈശാചികമായ ആക്രമണങ്ങള്‍ക്കു ഒരു കുറവും വരുത്തിയില്ല. ലോകത്തു എന്ത് അനീതി നടന്നാലും ഒരു ജനത ഒന്നാകെ പകല്‍ വെളിച്ചത്തില്‍ വംശഹത്യക്ക് വിധേയമായാലും അക്രമിയുടെ കൈ പിടിക്കാന്‍ ആരെങ്കിലുമുണ്ടാവുമെന്ന പ്രതീക്ഷ ഈ സംഭവഗതികള്‍ ഇല്ലാതെയാക്കി. പക്ഷെ, ഗസ്സയിലെ ജനങ്ങള്‍ ലോകത്തിന്റെ അനുകമ്പക്കുവേണ്ടി യാചിച്ചില്ല. തങ്ങളുടെ രക്ഷക്കെത്തണമെന്നു ആരോടും കേണപേക്ഷിച്ചില്ല. തങ്ങള്‍ക്കാവും പോലെ പോരാടുമെന്നും ലക്ഷ്യത്തില്‍ നിന്ന് ഒരിഞ്ചു പോലും പിന്മാറില്ലെന്നും ലോകത്തോട് പ്രഖ്യാപിക്കുകയാണ് അവര്‍ ചെയ്തത്. പോരാട്ടഭൂമിയുടെ ഓരോ മണ്‍തരിയും ഹൃദയരക്തം കൊണ്ട് അവര്‍ ചുവപ്പിച്ചു. ധീരമൃത്യു വരിച്ച മക്കളെയോര്‍ത്തുള്ള ഹൃദയ വേദനക്കിടയിലും ഒരു മാതാവും ഈ നഷ്ടത്തെയോര്‍ത്തു വിലപിച്ചില്ല. മറിച്ചു സ്വാതന്ത്ര പോരാട്ടത്തിനായി തങ്ങളുടെ മക്കളെ സമര്‍പ്പിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനം കൊണ്ടു. മരണഭയമില്ലാത്ത ഈ ജീവിതോന്മുഖതയാണ് യഥാര്‍ഥത്തില്‍ ശത്രുവിനെ അമ്പേ നിരാശപ്പെടുത്തുന്നത്. ആവനാഴിയിലെ സകല ആയുധങ്ങളും പരീക്ഷിച്ചിട്ടും ഈ ദേശത്തിന്റെ ആത്മവീര്യത്തെ തകര്‍ക്കാന്‍ കഴിയാത്തതു അവര്‍ക്കു മുന്നില്‍ ഒരു പ്രഹേളികയായി അവശേഷിക്കുന്നു.

എത്ര വിനാശകരമായ അക്രമണങ്ങള്‍ക്കിടയിലും ലഭിച്ച ഓരോ ചെറിയ അവസരങ്ങളിലും തങ്ങളുടെ ജീവിതത്തെ തിരികെ പിടിക്കാന്‍ അവര്‍ ശ്രമിച്ചു. തകര്‍ന്നടിഞ്ഞ മസ്ജിദുകളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് പ്രാഥിച്ചു. അഭയാര്‍ഥി തമ്പുകളില്‍ വെച്ച് ആഘോഷ പൂര്‍വം വിവാഹങ്ങള്‍ നടത്തി. തെരുവില്‍ ഫുട്ബാള്‍ കളിച്ചു. നിര്‍ഭയത്വവും പ്രസാദാത്മകതയും ജീവിത സമീപനങ്ങളാക്കി. ആക്രമണങ്ങളില്‍ തകര്‍ന്ന അവശിഷ്ടങ്ങള്‍ക്കിടയില്‍ പ്രിയ നേതാവ് യഹ്യ സിന്‍വര്‍ പ്രൗഢിയോടെ വലിച്ചിട്ടു ഇരുന്ന ആ രാജകീയ ഇരിപ്പിടം ഗസ്സ ജീവിതത്തിന്റെ ഒരു പ്രതിരൂപമാണ്. കിരാതമായ അക്രമണത്തിനു താത്കാലിക വിരാമമിട്ടുകൊണ്ട് വെടിനിര്‍ത്തല്‍ നിലവില്‍വന്നപ്പോള്‍ നഷ്ടങ്ങളെ കുറിച്ച് വിലപിക്കുകയല്ല ഈ ജനത ചെയ്തത്, മറിച്ച് തങ്ങള്‍ നേടിയ ധാര്‍മിക വിജയത്തെ അവര്‍ ആഘോഷിച്ചു. തകര്‍ന്നടിഞ്ഞ നാടിനെ സാക്ഷിയാക്കി തങ്ങള്‍ തിരിച്ചുവരുമെന്ന് വിജയ മുദ്ര കാണിച്ചു കുഞ്ഞുങ്ങള്‍ പോലും ശപഥം ചെയ്തു. ഈ ദൃശ്യങ്ങള്‍ ആയുധശക്തികൊണ്ടു ഈ ജനതയെ കീഴ്‌പ്പെടുത്താം എന്ന് കരുതിയ സയോണിസ്റ്റുകള്‍ക്കും കൂട്ടുകക്ഷികള്‍ക്കും മുഖത്തേറ്റ അടിയായി മാറി.

ഗസ്സ എന്ന പാഠപുസ്തകം

ഗസ്സ ഒരു പാഠപുസ്തകമാണ്. എത്രമേല്‍ വിലപ്പെട്ടതാണ് സ്വാതന്ത്ര്യം എന്ന് ഓരോ മനുഷ്യരെയും ഓര്‍മപ്പെടുത്തുന്ന പാഠപുസ്തകം. എത്ര വില നല്‍കേണ്ടിവന്നാലും അടിച്ചമര്‍ത്തലും അധിനിവേശവും അനുവദിക്കാന്‍ ആവില്ലെന്ന പാഠം. മരണഭയമില്ലാതെ നിലയുറപ്പിച്ചാല്‍ ഏതു ആയുധ ശക്തിക്കും നിങ്ങളെ കീഴ്പ്പെടുത്താനാവില്ലെന്ന പാഠം. ആയുധ ശക്തിക്കും അധികാര ശക്തിക്കും മുന്നില്‍ തോറ്റുപോയ ലോകത്തിലെ പീഡിത മനുഷ്യര്‍ക്കെല്ലാം ഒരാശ്വാസത്തിന്റെ ചിഹ്നമാണ് ഈ നാട്. സ്വാതന്ത്ര്യ മോഹികള്‍ക്കും മനുഷ്യാന്തസ്സിനെ ഉയര്‍ത്തിപ്പിടിക്കുന്നര്‍ക്കും മനസ്സുകൊണ്ടെങ്കിലും സന്ദര്‍ശിക്കേണ്ട ഇടമാണ് ഗസ്സ.