അഭിമുഖം:
അഡ്വ. കുക്കു ദേവകി/നജ്മ മജീദ്
അഭിഭാഷക, മോഡല്‍, സ്ത്രീപ്രവര്‍ത്തക എന്നീ മേഖലകളില്‍ ശ്രദ്ധേയായ അഡ്വ. കുക്കൂ ദേവകി വര്‍ണ വിവേചനത്തെ അടിസ്ഥാനപ്പെടുത്തി സംസാരിക്കുന്നു. നജ്മ നസീറ മജീദ് നടത്തിയ അഭിമുഖം

നജ്മ: എത്ര തന്നെ നേട്ടങ്ങളില്‍ മനുഷ്യന് ഇരിക്കുമ്പോഴും അവരെ പരിഗണിക്കേണ്ടതിന്റെ അടിസ്ഥാനം നിറം ആണെന്ന് ഇപ്പോഴും സമൂഹം വിചാരിക്കുന്നുണ്ട്? എങ്ങനെ മനസിലാക്കുന്നു?
കുക്കു: അതിന് ഏറ്റവും നല്ല ഉദാഹരണം നിലവില്‍ നമ്മള് ചര്‍ച്ച ചെയ്യുന്ന വിഷയം തന്നെയാണ്. സംസ്ഥാനത്തിന്റെ ഉന്നത സ്ഥാനത്തിരിക്കുന്ന ചീഫ് സെക്രട്ടറി ശാരദ മുരളീധരന് നേരിട്ട നിറത്തെ അടിസ്ഥാനപ്പെടുത്തിയുള്ള
അധിക്ഷേപത്തെ കുറിച്ചുള്ളതാണ്. ഇങ്ങനെയൊരു സാഹചര്യത്തില്‍ എനിക്ക് ചേര്‍ത്തുവെക്കാന്‍ തോന്നുന്നത് വി.എസ് സനോജ് സംവിധാനം ചെയ്ത ‘അരിക്’ എന്ന സിനിമയാണ്. ‘അരിക്’ ഇതുപോലൊരു വിഷയം കൈകാര്യം ചെയ്ത സിനിമയാണ്. ദലിത് കമ്യൂണിറ്റിയില്‍ നിന്നും വരുന്ന നായിക വളരെ കഷ്ടപ്പെട്ട് പഠിച്ചു മജിസ്േ്രടറ്റ് പദവിയില്‍ എത്തുമ്പോള്‍ നേരിടേണ്ടി വരുന്ന ഒരധിക്ഷേപത്തെ കുറിച്ചാണ് ആ സിനിമ സംവദിക്കുന്നത്. ഒരു അഭിഭാഷകയായിരിക്കെ ഞാനും അത്തരം ഒരു പരിസരത്തു ജോലി ചെയ്യുന്നയാളാണ്. എത്ര തന്നെ പ്രിവിലേജുകളില്‍ നില്‍ക്കുമ്പോഴും നിറത്തിന്റെ പേരിലുള്ള കളിയാക്കലുകള്‍ ഞാനും അനിഭവിച്ചിട്ടുണ്ട്.
നിറം, ജാതി എന്നത് വളരെ പ്രത്യക്ഷമായി തന്നെ ഇവിടെ നിലനില്‍ക്കുന്നുണ്ട്. അത് നമ്മള് ചൂണ്ടി കാണിച്ചാല്‍ അതിനെ നമ്മുടെ തോന്നലായിട്ടും അപകര്ഷതാബോധമായിട്ടും വരുത്തിതീര്‍ക്കുകയാണ് പതിവ്. പക്ഷെ, ഇവിടെ ചീഫ് സെക്രട്ടറി തുറന്ന് പറഞ്ഞപ്പോള്‍ ചര്‍ച്ചയായി എന്നുള്ളതാണ്. നമുക്കറിയാമല്ലോ, എത്രയോ കാലങ്ങളായി ഇത്തരം അധിക്ഷേപങ്ങളോട് യുദ്ധം ചെയ്യുന്ന, അത് ജീവിതത്തിന്റെ ഭാഗമായ മനുഷ്യര്‍ ഇവിടെയുണ്ടെന്നത്. പല കലാരൂപങ്ങളിലും കറുത്ത നിറക്കാരെ കാണാന്‍ സാധിക്കാറില്ല. ഒപ്പനയില്‍ മണവാട്ടിയായി കറുത്ത നിറക്കാരിയെ കാണില്ലല്ലോ.
നമ്മുടെ സൗന്ദര്യ ബോധത്തില്‍ നിറത്തിന് വലിയ പ്രാധാന്യമുണ്ട്. ആളുകളെ വല്ലാതെ ആകര്‍ഷിക്കുന്ന കലാരൂപങ്ങളിലൊന്നും കറുത്ത നിറക്കാരെ പരിഗണിക്കാറില്ല. അതിന്റെ ഉദാഹരണമാണ് സത്യഭാമ ഉന്നയിച്ച ആര്.എല്‍.വി രാമകൃഷ്ണന് എന്ന കലാകാരന്റെ നിറത്തെ ചൊല്ലിയുള്ള അധിക്ഷേപം.
പുതിയ കാലം പൊളിറ്റിക്കല്‍ കറക്റ്റനസിന്റെ കൂടി കാലമാണ്. എങ്ങനെയാണ് പുതിയ തലമുറയെ കുറിച്ചുള്ള പ്രതീക്ഷകള്‍?
പുതുതലമുറ രാഷ്ട്രീയ ശരികളെ കുറിച്ച് ബാധമുള്ളവര് തന്നെയാണ്. സോഷ്യല്‍ മീഡിയ വലിയ തോതില്‍ ഉപയോഗിക്കുന്നവര്‍ എന്ന നിലക്ക് അവര്‍ വിഷയങ്ങളെ കുറിച്ച് ബോധ്യമുള്ളവരുമാണ്. എന്റെ കുട്ടികള്‍ പലപ്പോഴും എന്നെ അത്തരത്തില്‍ തിരുത്താറുമുണ്ട്. എങ്കിലും അതിന് സമാന്തരമായി ഇത്തരം വിഷയങ്ങളെ കുറിച്ച് യാതൊരു ധാരണയുമില്ലാതെ ‘രാഷ്ട്രീയ ശരി’ ഏത്, ‘തെറ്റ്’ ഏത് എന്ന് ഒരു ബോധവുമില്ലാതെ വളരുന്ന ഒരു വിഭാഗവുമുണ്ട്.
അതിനൊരു ഉദാഹരണം പറയാം, എന്റെ മകള്‍ പഠിക്കുന്ന സര്‍ക്കാര്‍ സ്കൂളില്‍ പി.ടി.എ പ്രസിഡന്റായ സമയത്ത് പലപ്പോഴും കുട്ടികളുമായി ചില വിഷയങ്ങളില്‍ തര്‍ക്കം പോലും ഉണ്ടായിട്ടുണ്ട്. ആണ്‍കുട്ടികളിലാണ് ഇത്തരത്തില്‍ അഭിപ്രായ വ്യത്യാസം ഉണ്ടായിട്ടുള്ളത്. പലപ്പോഴും അത് സ്ത്രീ സംബന്ധിയായ വിഷയങ്ങളിലാണ്. ഇപ്പോഴും ടീനേജ് ആണ്‍കുട്ടികളില്‍ പുരുഷ കേന്ദ്രീകൃത സമൂഹത്തിന്റെ സ്വഭാവങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതായി മനസ്സിലായിട്ടുണ്ട്. പ്രണയത്തില്‍ കാമുകനാണ് സര്‍വ അധികാരവും എന്ന് വിശ്വസിക്കുന്ന, സ്ത്രീകളെ നിയന്ത്രിക്കേണ്ട ഉത്തരവാദിത്വം ആണിനാണെന്ന് വിചാരിക്കുന്ന, അത് പൗരുഷമായ കൊണ്ടാടുന്ന, സമത്വം-തുല്യനീതി എന്നതിനെകുറിച്ചൊന്നും ധാരണയില്ലാത്ത ഒരു തലമുറ വളര്‍ന്നുവരുന്നത് കാണാതെ വയ്യ. അത് ഒരു തരത്തില്‍ പാട്രിയാര്‍ക്കി സ്വഭാവമുള്ള മുതിര്‍ന്ന മനുഷ്യരെ അനുകരിക്കല്‍ കൂടിയാണ്. എങ്കിലും പുതിയ തലമുറ ചെയ്യുന്ന സിനിമകളില്‍, പാട്ടുകളില്‍, കോമഡികളില്‍ എല്ലാം മനഃപൂര്‍വമുള്ള രാഷ്ട്രീയ ശരികളുടെ ഇടപെടലുകള്‍ കാണുന്നത് പ്രതീക്ഷയാണ്.
രാഷ്ട്രീയം, സിനിമ അങ്ങനെ പല മേഖലകളിലും ഇതുപോലുള്ള വാര്‍ത്തകള്‍ സമീപകാലത്ത് ചര്‍ച്ചയായിരിന്നു. വര്‍ണ വിവേചന സ്വഭാവത്തിലുള്ള അധിക്ഷേപങ്ങള്‍ നേരിട്ടിട്ടുള്ള ഒരു വ്യക്തിയാണെന്നിരിക്കെ എവിടെയാണ് തിരുത്തല്‍ വേണമെന്ന് കരുതുന്നത്?
തീര്‍ച്ചയായും സര്‍വ മേഖലയിലും തിരുത്തല്‍ വേണ്ടതുണ്ട്. രാഷ്ട്രീയ ശരികള്‍ പറയുക മാത്രമല്ല, അത് പ്രാവര്‍ത്തികമാക്കുക കൂടി വേണം. ഏത് മേഖലയിലും കറുത്ത മനുഷ്യരെ കാണുക വളരെ അപൂര്‍വമാണ്. രാഷ്ട്രീയത്തില്‍ കറുത്ത പുരുഷനെ കാണാം, അത് സ്വഭാവികവുമാണ്. എന്നാല്‍, കറുത്ത സ്ത്രീയെന്നത് സമൂഹത്തിന്റെ കണ്ണുകള്‍ക്ക് അത്ര സ്വഭാവികമല്ല. ഇത്തരം വിഷയം ചര്‍ച്ച ചെയ്യുന്ന മാധ്യമങ്ങളില്‍ കറുത്ത അവതാരകരെ കാണാന്‍ സാധിക്കില്ല.
സിനിമയില്‍ എത്ര കറുത്ത നായികമാരുണ്ട്? കറുത്തവര്‍ക്ക് പ്രണയമില്ലാഞ്ഞിട്ടാണോ? അതിലൊരു മാറ്റം വേണ്ടേ. അതിന് നിലപാട് പ്രാവര്‍ത്തികമാക്കുകയാണ് വേണ്ടത്. പക്ഷെ, അതുമാത്രം സംഭവിക്കുന്നില്ല. നോക്കു, ഇതൊക്കെ നമ്മള് ചര്‍ച്ച ചെയ്യുന്നതിനിടെക്കാണ് കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഈഴവ യുവാവായ വി.ഐ ബാലു കഴക ജോലിക്കായി നിയമിതനായത്. എന്നാല്‍, നിയമനത്തിന് പിന്നാലെ ഉണ്ടായ പ്രശ്നങ്ങളെ തുടര്‍ന്ന് അദ്ദേഹം രാജിവെച്ചു പുറത്തു പോയിരിക്കുന്നു. എന്തൊരു ഗതികേടാണത്. അതുകൊണ്ടാണ് പറയുന്നത് നിലപാട് പറയുകയല്ല പ്രവര്‍ത്തിക്കുകയാണ് വേണ്ടത് എന്ന്.
തൊലിപ്പുറമെയുള്ള കറുപ്പിനെ കുറിച്ച് മാത്രമല്ല, മറ്റു തലത്തില്‍ വര്‍ണ വിവേചനം എങ്ങനെയൊക്കെ പ്രവര്‍ത്തിക്കുന്നു എന്നുള്ള ആശങ്ക കൂടിയുണ്ടല്ലോ. പ്രതിഷേധ സൂചകമായി കറുപ്പ് ഉപയോഗിക്കല്‍, കറുത്ത അധ്യായം, കരിദിനം, കറുത്ത കരങ്ങള്‍ പോലെയുള്ള പ്രയോഗങ്ങള്‍ കൂടി ചര്‍ച്ച ചെയ്യേണ്ടതില്ലേ?
തൊലിപ്പുറമേയുള്ള കറുപ്പ് മാത്രമല്ല ചര്‍ച്ചയാക്കേണ്ടത്. കരിദിനം, കറുത്ത കരങ്ങള്‍ പ്രതിഷേധസൂചകമായി കറുപ്പ് ഉപയോഗിക്കല്‍ എല്ലാം വീണ്ടും വീണ്ടും കറുപ്പിനെ അന്യവത്കരിക്കല് തന്നെയാണ്. കരിദിനം ആചരിക്കല്‍ പോലുള്ള പ്രതിഷേധ പരിപാടികളില്‍നിന്ന് ഞാന്‍ മനഃപൂര്‍വമായി തന്നെ മാറി നില്‍ക്കാറുണ്ട്. എന്നോട് പലരും പറയാറുള്ള ഒന്നാണ് ”വക്കീല്‍ കറുത്താണെങ്കിലും മനസ് വെളുത്താണല്ലോ” എന്ന്. അപ്പോഴും, പറയുന്നവര്‍ അതിലെ പ്രശ്നം മനസ്സിലാക്കുന്നില്ല എന്നുള്ളതാണ്. എന്റെ ശരീരവും മനസ്സും കറുത്തതാണ് എന്നാണ് അത്തരക്കാരോടുള്ള എന്റെ മറുപടി.
കറുപ്പില്‍ പ്രോഗ്രസ്സീവ് നിലപാടെടുക്കുന്ന ആളുകള്‍ കുട്ടികളുടെയും പാര്‍ട്ണറുടെയും നിറത്തിന്റെയും കാര്യത്തില്‍ ആശങ്ക ഉള്ളവരായി തോന്നിയിട്ടുണ്ടോ?
തീര്‍ച്ചയായും പഠനകാലത്താണ് അത് കൂടുതല്‍ കണ്ടത്. ഉയര്‍ന്ന ചിന്തയുള്ള ആളുകളുടെ പ്രണയിക്കാനുള്ള തെരഞ്ഞെടുപ്പില്‍ പോലും ഞാനൊന്നുമില്ലായിരുന്നു. ഇതേ ആളുകള്‍ കറുത്ത ആളുകള്‍ക്ക് ചേരുന്ന തുണികളുടെ നിറങ്ങള്‍ കൂടെ ഉപദേശിക്കുമായിരിന്നു. കുട്ടിയുണ്ടായപ്പോഴും എല്ലാരുടെയും ആശങ്ക എന്റെ തന്നെ നിറമാണോ കുട്ടിക്ക് എന്നുള്ളതായിരിന്നു.
തൊലിപ്പുറമേയുള്ള കറുപ്പ് മാത്രമല്ല ചര്‍ച്ചയാക്കേണ്ടത്. കരിദിനം, കറുത്ത കരങ്ങള്‍ പ്രതിഷേധസൂചകമായി കറുപ്പ് ഉപയോഗിക്കല്‍ എല്ലാം വീണ്ടും വീണ്ടും കറുപ്പിനെ അന്യവത്കരിക്കല് തന്നെയാണ്. കരിദിനം ആചരിക്കല്‍ പോലുള്ള പ്രതിഷേധ പരിപാടികളില്‍നിന്ന് ഞാന്‍ മനഃപൂര്‍വമായി തന്നെ മാറി നില്‍ക്കാറുണ്ട്. അഭിഭാഷക, മോഡല്‍, സ്ത്രീപ്രവര്‍ത്തക എന്നീ മേഖലകളില്‍ ശ്രദ്ധേയായ അഡ്വ. കുക്കൂ ദേവകി വര്‍ണ വിവേചനത്തെ അടിസ്ഥാനപ്പെടുത്തി സംസാരിക്കുന്നു. നജ്മ നസീറ മജീദ് നടത്തിയ അഭിമുഖം.